
മഹാനദീതടങ്ങളുടെ ഭൂപടത്തിൽ തീരെ ചെറുതാണ് നിളാതടം. എന്നാൽ താരതമ്യങ്ങളില്ലാത്ത സാംസ്കാരിക ഔന്നത്യം അതിനുണ്ട്. കാലാതിവർത്തിയായ ഒരു മാനവസംസ്കൃതിയെ പെറ്റ തായ് നദിയാണ് നിള. ഭേദഭാവങ്ങളെ അപ്രസക്തമാക്കുന്ന മനുഷ്യസാഹോദര്യത്തെ ഐതിഹാസികമായി വിളംബരം ചെയ്യുന്ന പന്തിരുകുലം പോലൊരു കുടുംബ പൈതൃകം ഭാരതപ്പുഴയ്ക്കുള്ളതുപോലെ മറ്റേതൊരു നദിയ്ക്കുണ്ട് ..!!?
ജീവിതത്തിൻ്റെ സങ്കല്പ സാധ്യമായ മേഖലകളിലെല്ലാം ഭാവനയുടെയും പ്രതിഭയുടെയും മായാ വെളിച്ചം പ്രസരിക്കുന്ന ഒരു ചരിത്രം നിളാതടത്തിനുണ്ട്. പുഴമണ്ണിൽ കലപ്പകൊണ്ട് കാർഷിക സംസ്കാരത്തിൻ്റെ ഹരിശ്രീ കുറിച്ച പൂർവികരിൽ തുടങ്ങുന്നു അത്. നാട്ടറിവുകളിലൂടെയും എഴുത്തോലകളിലൂടെയും തലമുറകൾക്ക് അത് വഴിവെട്ടമായി.
സാഹിത്യം സംഗീതം ചിത്രം ശില്പം വാദ്യം നൃത്തം നാട്യം വൈദ്യം ജ്യോതിഷം ഗണിതം ജ്യോതിശ്ശാസ്ത്രം എന്നിങ്ങനെ ജീവിതമെന്ന മഹാവൃക്ഷത്തിൻ്റെ എണ്ണമറ്റ ശാഖോപശാഖകളായി നിളാതട നിവാസികളുടെ ധൈഷണിക ഭാവുകത്വം നൂറ്റാണ്ടുകളിലൂടെ ഈ നദീതീരങ്ങളിൽ പടർന്നു തണലിട്ടു. ഇങ്ങനെയുള്ള ഓരോരോ മേഖലയിലും കിടയറ്റ മനീഷകളെ നിളാത ടം പെറ്റുവളർത്തി. തുഞ്ചനും കുഞ്ചനും മേല്പത്തൂരും പൂന്താനവും ഈ പുഴ മണ്ണിൽ വളർന്ന മാമരങ്ങളാണ്. അവയുടെ പരാഗങ്ങൾ പാറിവീണപശിമനിലങ്ങളിൽ കാലാന്തരത്തിൽ വള്ളത്തോളും ഇടശ്ശേരിയും ഉറൂബും അവർക്കു പിറകെ എം.ടി.യും അക്കിത്തവും അവരുടെയും പിൻമുറകളും വളർന്നു കൊണ്ടിരിക്കുന്നു.
ജീവിതത്തെ കലയും കലയെ ജീവിതവുമാക്കിയ നാട്ടു മനുഷ്യരുടെ പ്രതിജനഭിന്നമായ പ്രതിഭയുടെ മിന്നായങ്ങളാണ് നിളാതടത്തിലെ നാടോടിസംസ്കാരവും ആചാരാനുഷ്ഠാനങ്ങളും മറ്റും. തീക്ഷ്ണ ജീവിതത്തിന്റെ വിയർപ്പും വിശപ്പുമാറ്റാൻ പങ്കപ്പാടുകൾ കൊണ്ടു പാട്ടുകെട്ടി ചുവടുവെച്ച മണ്ണിൻ്റെ മക്കളുടെ പാദമുദ്രകളും നിളാതട സംസ്കൃതിയിൽ മായാതെ കിടക്കുന്നു. ഇങ്ങനെയെല്ലാമുള്ള ഒരു ഭൂഭാഗത്തു ജീവിച്ചിട്ടും വർത്തമാനകാലത്ത് നാം മൗഢ്യങ്ങളിൽ ആണ്ടുപോകുന്നെങ്കിൽ മുന്നോട്ടുള്ള വഴിയിൽ ഇരുൾ പടരുന്നെങ്കിൽ എന്താവാം അതിനു കാരണം …. ?? നാം വേരില്ലാത്തവരായി മാറുന്നു എന്നതുതന്നെ..!!!
ഖനീ ഭൂതമായ ഒരു സംസ്കാരത്തിൻ്റെ ഈ തീരഭൂമിയിൽ , പുഴ മണ്ണിൽ ആകാശം നോക്കി ഒന്നു മലർന്നു കിടന്നാൽ ആ സർഗ്ഗചരിത്രമെല്ലാം നമുക്കു തെളിഞ്ഞു കിട്ടും . അത് നമ്മുടെ ഉള്ളുണർത്തും … നമ്മെ ഉയിർപ്പിക്കും … അതിനായി അഷ്ടാംഗം ആയുർവ്വേദ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന പത്മശ്രീ കൃഷ്ണകുമാർ സെൻ്റർ AVCRI കോയമ്പത്തൂർ, ആറങ്ങോട്ടുകര വയലി, ഫ്രൻ്റ്സ് ഓഫ് ഭാരതപ്പുഴ എന്നിവരുടെ സഹകരണത്തോടെ എല്ലാമാസവും നാലാമത്തെ ശനിയാഴ്ച ഉച്ചകഴിഞ്ഞ്2 മണി മുതൽ അഷ്ടാംഗം ആയുർവ്വേദ കോളേജിൽ വെച്ച് “നിളയുടെ നാട്ടു വഴികൾ” എന്ന പേരിൽ നിളാതട സംസ്കൃതിയുടെ വേരുകൾ തേടുന്ന ഒരന്വേഷണ പരമ്പരയ്ക്ക് ഒരുങ്ങുകയാണ് ….